ഒരു മണത്തിനു ശരീരഞരമ്പുകളെ ഉണർത്താൻ പറ്റുമെങ്കിൽ അതു വേനൽ മഴയുടെ മണത്തിനാണ്.മണ്ണിനെ നനച്ചും നീറ്റിയും നിറച്ചും പെയ്യുന്ന വേനൽ മഴയുടെ മണം മണ്ണിന്റെ മദഗന്ധമാണ്.നമ്മൾ ക്ഷീണിച്ചും തളർന്നും പ്രായമായും ഇരിക്കുകയാണെങ്കിൽപോലും ഈ മണം നമ്മെ ഉന്മേഷഭരിതരാക്കും. ആദ്യ മഴത്തുള്ളികളിൽ മണ്ണൊന്നൊന്നായി ചുരുണ്ടു വരും,ആവി വരും,പിന്നെ മഴത്തുള്ളികൾ വരുന്നതിനനുസരിച്ചു വീർക്കും,നനയും,നിവരും.മണ്ണിന്റെയും മഴയുടെയും വികാരഭരിതമായ ചേർച്ചയിലെ വേർപ്പും വീർപ്പും ആനന്ദവും വേനൽ മഴയിൽ മണതറിയാം.