25/12/2022

ക്രിസ്തുമസ്

 കേരളത്തിലെ പള്ളികളിൽ ഞാൻ കണ്ടിട്ടില്ലാത്തതും മൈലാപ്പൂർ, സെന്റ് തോമസ് മൗണ്ട് യാത്രയിൽ കണ്ടതുമായ ഒരു പെയിന്റിംഗ് ആണ് ഔർ ലേഡി ഓഫ് എക്സ്പെക്റ്റേഷൻ. യൂറോപ്പിലെ  ചില പള്ളികളിൽ ഈ പെയിന്റിംഗ് ഉണ്ടു താനും. ഗർഭിണിയായ കന്യാമറിയം ആണ് ഈ പ്രതിമയിൽ ഉള്ളത്.ഈ ചിത്രത്തിൽ ഗർഭിണിയായ കന്യാമറിയം പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. വായിക്കുന്ന ഈ അമ്മയാണ് മകന്റെ ആദ്യ ഗുരു.വചനത്തെ വഹിച്ചവൾ /അറിവിൽ നിറഞ്ഞവൾ. സമൂഹത്തിന്റെ സാമാന്യ സാമൂഹ്യ പാഠങ്ങളെ അതിജീവിച്ചവൾ. കാലിത്തൊഴുത്തു മുതൽ കാൽവരി വരെ പുത്രനെ /വചനത്തെ പിന്തുടർന്നവൾ. നിസ്സാരമല്ല ആ വഴിയാത്ര. തിരുപ്പിറവിയിൽ ഈ അമ്മയെ ഓർക്കാതിരിക്കാൻ ആവതില്ല.

  ദിവ്യ ശിശുവിനെ ദേവാലയത്തിൽ ആദ്യമായി കൊണ്ടുവന്നപ്പോൾ ആ കുഞ്ഞിനെ കൈയിലെടുത്ത് വയോ വൃദ്ധനായ ശീമോൻ ആനന്ദം നിറഞ്ഞു തുളുമ്പി പറയുന്ന വാക്കുകളിൽ പക്ഷെ ആ ശിശുവിന്റെ അമ്മയോട് പറയുന്നവ മാത്രം അതീവ സങ്കടം നിറയ്ക്കുന്നവയാണ്. ഒരു വാൾ നിന്റെ ഹൃദയത്തെ പിളർത്തും എന്ന വാക്കുകൾ ഏതമ്മയുടെ മനസ്സാണ് വ്യഥിതമാക്കാത്തത്. എങ്കിലും അറിവു നിറഞ്ഞവളായ ആ അമ്മ അതിനെയും ഉൾക്കൊണ്ടു. ഈ ക്രിസ്തുമസിൽ എന്തു കൊണ്ടോ വാളാൽ  പിളർന്ന നെഞ്ചകവുമായി മറിയം കൂടെ നടക്കുന്നു. അജ്ഞാനവും അധികാര ഗർവും സ്നേഹരാഹിത്യവും എവിടെയും വിശ്വാസത്തേയും സമാധാനത്തെയും മുറിപ്പെടുത്തുമ്പോൾ വായിക്കുന്ന /ജ്ഞാനം പകരുന്ന അമ്മമാർ ധാരാളം ഉണ്ടാകട്ടെ. അവരുടെ കൈകൾ വഹിക്കുന്ന കുഞ്ഞുങ്ങൾ അന്ധകാരം വന്നു മൂടാൻ തിടുക്കപ്പെടുന്ന കാലത്ത് വെളിച്ചമായി തീരട്ടേ. ആ അമ്മയ്ക്കും മകനും സംരക്ഷണവും സ്നേഹവുമായി വഴിയേറെ കൂടെ തളരാതെ നടന്ന ഗൃഹനാഥനായ ജോസഫ് എല്ലാ പുരുഷന്മാർക്കും മാതൃകയാവട്ടെ. എങ്കിൽ മാത്രമേ പുൽക്കൂടും ഉണ്ണീശോയും ക്രിസ്തുമസ് ദിനം കഴിഞ്ഞും കൂടെ ഉണ്ടാവൂ.


(ഈ കുറിപ്പെഴുതാൻ പ്രേരണ അവിനാശ് ആണ് )